വൈക്കം: വെള്ളമിറങ്ങിത്തുടങ്ങിയതോടെ ഭൂരിഭാഗം കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങി.
വീടിനുള്ളിലും പരിസരത്തും അടിഞ്ഞു കൂടിയ ചെളിയും മറ്റ് മാലിന്യങ്ങളും ഏറെ ശ്രമപ്പെട്ട് ശുചീകരിച്ച് അണുനാശിനികൾ തളിച്ച് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കി കുടുംബങ്ങൾ സാധാരണ ജീവിതത്തിലേയ്ക്ക് എത്തുകയാണ് .
ക്യാമ്പുകളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയ കുടുംബങ്ങൾക്ക് വീട് ശുചീകരിക്കുന്നതിനുള്ള അണുനാശിനികളും ഏതാനും ദിവസത്തേക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റും സുമനസുകളിൽ നിന്ന് സമാഹരിച്ച് പഞ്ചായത്ത് അധികൃതർ നൽകിയിരുന്നു. വെള്ളപ്പൊക്ക ദുരിതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട ഉദയനാപുരം പഞ്ചായത്തിലെ വല്ലകം സെന്റ് മേരീസ് സ്കൂളിലെ ക്യാമ്പിൽനിന്ന് ഏതാനും കുടുംബങ്ങൾ ഒഴികെ വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ നിന്ന് വെള്ളം ഇറങ്ങാത്തവരെ വല്ലകം പള്ളി പാരിഷ് ഹാളിലേക്ക് മാറ്റി പാർപ്പിച്ചു. തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽനിന്നും ഏതാനും കുടുംബങ്ങൾ ഒഴികെ ബാക്കിയുള്ളവർ വീടുകളിലേക്ക് മടങ്ങി. ശേഷിക്കുന്നവരെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റിപാർപ്പിച്ചു. വെച്ചൂരിലെ രണ്ട് ക്യാമ്പുകളും അവസാനിപ്പിച്ചു. മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിലെ ക്യാമ്പിലെ ദുരിത ബാധിതരെല്ലാം വീട്ടിലേക്ക് മടങ്ങി.
ഉദയനാപുരം പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്നും വീടുകളിലേക്ക് മടങ്ങിയവർക്ക് വീടും പരിസരവും കിണറുകളും വൃത്തിയാക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗഡറും അത്യാവശ്യം വേണ്ട അരി, പലചരക്ക്, പച്ചക്കറിയും, വസ്ത്രങ്ങളും പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ജി. രഞ്ജിത്ത്, രഞ്ജനാ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ് , ജസീനാ ഷാജുദീൻ, അജിതാ മധുക്കുട്ടൻ, വി. ബിൻസ്, പി.ആർ. ദേവലാൽ, സാബു മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു.